കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രെഡ്ജര്‍ അഴിമതിക്കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

നൂറ് ശതമാനവും കളവായ കേസായിരുന്നു ഇത്. ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയക്കാര്‍ക്കൊന്നും അതില്‍ ഒരു പങ്കുമില്ല. അഴിമതിക്കെതിരായ നിലപാടെടുത്താല്‍ ഈ സമൂഹത്തില്‍ നിലനില്‍പ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നത്. 

ഇതിന് സമാനമായ കാര്യമാണ് ബോംബെയില്‍ സമീര്‍ വാംഖഡെയ്ക്ക് എതിരെ നടക്കുന്നത്. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. കുംടുംബത്തെയൊക്കെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 

അഴിമതിക്കെതിരേ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് ഞാന്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനിലായത്. ഇപ്പോഴും പെന്‍ഷന്‍ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Content Highlights: Jacob Thomas, corruption case, high court