കൊച്ചി: വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് എം.സി.ജോസ​ഫൈനെ മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ​ഹൈക്കോടതി തള്ളി. ബിജെപി സംസ്ഥാന സമിതി അ‌ംഗം ബി.രാധാകൃഷ്ണ മേനോൻ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അ‌ധ്യക്ഷനായ ബെഞ്ച് 10,000 രൂപ ചെലവ് സഹിതം തള്ളിയത്. 

തന്റെ പാര്‍ട്ടി കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്നും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിതാ കമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നുമുള്ള ജോസ​ഫൈന്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. സിപിഎം എംഎൽഎ പി.കെ. ശശിക്കെതിരായ ആരോപണത്തിൽ വനിതാ കമ്മിഷൻ കേസെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കവേയാണ് അ‌വർ ഈ പരാമർശം നടത്തിയത്.

ഇതേത്തുടർന്ന് ജോസ​ഫൈനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് സമർപ്പിച്ച ഹർജി ​ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.രാധാകൃഷ്ണ മേനോൻ സമാന ഹർജിയുമായി ​ഹൈക്കോടതിയിലെത്തിയത്.