കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. റിവ്യു ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹൈക്കോടതി നിരാകരിച്ചു. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശങ്ങളില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടെടുക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന പ്രഖ്യാപനമാണ് നടത്തിയത്. അതിനാല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ഒരാവശ്യം. അത് കോടതി നിരാകരിച്ചു. 

ഹര്‍ജിക്കാരന്റെ രണ്ടാമത്തെ ആവശ്യം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കണമെന്നതായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 

ഒപ്പം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അതിനാലായിരിക്കാം സര്‍ക്കാര്‍ ഈ കേസില്‍ റിവ്യൂഹര്‍ജി നല്‍കാത്തതെന്ന ശ്രദ്ധേയമായ നിരീക്ഷണവും ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നടത്തി.