അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
കൊച്ചി: പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. പ്രതികള്‍ക്കു ജാമ്യം നല്‍കിയത് പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. കൈക്കൂലി കേസില്‍ ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ കേസിലാണ് ഹൈക്കോടതിയുടെ നടപടി.
2022 ഏപ്രില്‍ 29-നായിരുന്നു മുന്‍കൂര്‍ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുകയായിരുന്നു. കേസ് കോടതി പുനര്‍വിചാരണ നടത്തും.
ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് കൂടിയായ അഡ്വ. സൈബി ജോസ് കിടങ്ങൂറിനെതിരെ ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഒരു ആരോപണം നിലനില്‍ക്കെയാണ് കോടതിയുടെ നടപടി. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോസ് കക്ഷികളില്‍ നിന്നു പണം വാങ്ങിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. മൂന്നു ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് കക്ഷികളില്‍ നിന്നും വന്‍ തുക ഈടാക്കിയത്. ഒരു ജഡ്ജിയ്ക്ക് നല്‍കാനെന്ന പേരില്‍ 50 ലക്ഷവും മറ്റു രണ്ടു പേര്‍ക്കുമായി 22 ലക്ഷവും വാങ്ങി. അങ്ങനെ ആകെ 72 ലക്ഷം രൂപയാണ് സിബി ജോസ് കൈക്കലാക്കിയത്.
ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ പണം പിരിക്കുന്നതായി മറ്റൊരു അഭിഭാഷകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ച ഒരു ഹൈക്കോടതിയിലെ ജഡ്ജി തന്നെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രി ഇക്കാര്യം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസ് പങ്കെടുത്ത ചടങ്ങില്‍ നിന്ന് സൈബിയെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
Content Highlights: high court recalled anticipatory bail action in case adv saiby jose appeared for accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..