കൊച്ചി: കാര്യമായ തെളിവ് ശേഖരണം പോലും നടത്താത്തതിനാല്‍ എക്‌സൈസ് കേസുകളില്‍ പ്രതികളെ കോടതികള്‍ വെറുതേ വിടുന്നു. എക്‌സൈസ് വകുപ്പ് കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ മാത്രം മൂന്ന് കേസുകളിലെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
തിരുവനന്തപുരം, പാലക്കാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കീഴ്‌ക്കോടതികള്‍ ശിക്ഷിച്ച കേസുകളിലെ പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടത്. അശ്രദ്ധമായി കൈകാര്യം ചെയ്തതും തെളിവ് ശേഖരിക്കുന്നതില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതുമാണ് കാരണം.
അളവില്‍ക്കൂടുതല്‍ മദ്യം കൈവശം വെച്ചതിനാണ് ആറ്റുകാല്‍ സ്വദേശിനി തങ്കയെ 2000 ത്തില്‍ പിടികൂടിയത്. എന്നാല്‍ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് നിയമപരമായി അതിനുള്ള അധികാരമുണ്ടായിരുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടാണ് കേസ് ഹൈക്കോടതി വെറുതേ വിട്ടത്.
കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടിയെയും പാലക്കാട് ഗോപാലനെയും 2007ല്‍ വ്യാജ ചാരായവുമായാണ് എക്‌സൈസ് പിടിച്ചത്. എന്നാല്‍ ഈ രണ്ട് കേസുകളിലും പ്രതികളില്‍ നിന്ന് പിടിച്ചത് ചാരായമാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ല. സീലോ ലേബലോ ഇല്ലാതെ പരിശോധനയ്ക്ക് അയച്ചതിലും കോടതിയില്‍ ഹാജരാക്കിയതിലുമാണ് പിഴവ് പറ്റിയത്.
മൂന്ന് കേസുകളിലും ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പ്രതികളില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാനും ഉത്തരവിട്ടു.
Content Highlights: High Court quashed three excise cases convicted by the lower court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..