കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബുധനാഴ്ച നിലപാട് അറിയിക്കണം. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു പോകാന്‍ അനുവദിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന വനിതാ കമ്മിഷനും ബുധനാഴ്ച നിലപാട് അറിയിക്കും.
രാത്രി പത്തുമണിക്ക് മുന്‍പ് പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിനുള്ളില്‍ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ നിലവിലെ നിയമം. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കും. പിന്നീട് വരുന്ന വിദ്യാര്‍ഥികള്‍ ഏറെ നേരം പുറത്തുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.
മെഡിക്കല്‍ കോളേജില്‍ രാത്രി 11.30 വരെ ലൈബ്രറിയും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങള്‍ തങ്ങള്‍ക്കും പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നു പെണ്‍കുട്ടികളുടെ നിലപാട്. ആണ്‍കുട്ടികള്‍ക്ക് ഇത്തരം സമയനിയന്ത്രണങ്ങളില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലും സമാനമായ പ്രതിഷേധം നടന്നിരുന്നു.
വിഷയത്തില്‍ വനിതാകമ്മിഷനും ഇടപെട്ടിരുന്നു. ആണ്-പെണ് വ്യത്യാസമില്ലാതെ കാര്യങ്ങള്‍ നടക്കണമെന്നായിരുന്നു വനിതാകമ്മിഷന് നിലപാട്. ഇതിനു പിന്നാലെയാണ് കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച കോടതി അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് കടന്നില്ല. ഇത്തരം വിവേചനങ്ങള്‍ ആവശ്യമുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആരാഞ്ഞു.
Content Highlights: high court on kozhikode medical college women hostel entry time restriction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..