കൊച്ചി: വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം  ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി. കമ്മിഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുള്ള തീയതി നീട്ടി സര്‍ക്കാര്‍ രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കി.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗവും സി പി എം പ്രവര്‍ത്തകനുമായ ടി.ബി. സുരേഷിന്റെയും കാസര്‍കോട് ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവിയുടെയും നിയമനമാണ് കോടതി റദ്ദാക്കിയത്. ഇവര്‍ക്കുപകരം ആദ്യവിജ്ഞാപനപ്രകാരം തയ്യാറാക്കിയ പട്ടികയില്‍നിന്ന് രണ്ടുപേരെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സദുദ്ദേശപരമല്ലാത്ത രീതിയില്‍ അധികാരം വിനിയോഗിച്ചെന്നും കോടതി നിരീക്ഷിച്ചു. അപേക്ഷാത്തീയതി നീട്ടാന്‍  മന്ത്രി  ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്ന് കോടതി വിലയിരുത്തി. തീയതിനീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കാനുള്ള കാരണം ഫയലുകളില്‍നിന്ന് വ്യക്തമല്ല.  ഭരണത്തിലുള്ള സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായ ടി.ബി. സുരേഷിനെ നിയമിക്കാനാണ് തീയതി നീട്ടിയത് എന്നേ കരുതാനാവൂ എന്നും കോടതിയുടെ വ്യക്തമാക്കി.

സര്‍ക്കാരിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹര്‍ജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് വാദിച്ചത്. ഒഴിവ് മുന്‍കൂട്ടിക്കണ്ട് 2016 ജൂണ്‍ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10-ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു.

2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാന്‍ തീയതി നീട്ടിനല്‍കിയത്. വ്യക്തമായി കാരണം കാണിക്കാതെയുള്ള നടപടി സദുദ്ദേശ്യത്തോടെയാണെന്ന് കരുതാനാവില്ല. നിയമനത്തിന് എല്ലാ ജില്ലയില്‍നിന്നുമുള്ള അംഗങ്ങള്‍ വേണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി വിലയിരുത്തി.