കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: താനൂര്‍ ബോട്ട് അപകടത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. കേരളത്തില്‍ ഉത്തരവാദിത്വ ടൂറിസമാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ബോട്ടപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആരാഞ്ഞു.
താനൂര്‍ ബോട്ട് അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 22 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ 37 പേര്‍ കയറിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഓവര്‍ ലോഡ് ആണെന്ന് നിസംശ്ശയം പറയാമല്ലേയെന്ന് കോടതി ചോദിച്ചു. പലപ്പോഴും കേരളത്തില്‍ റോഡിലായാലും ജലയാനങ്ങളിലായാലും അപകടങ്ങള്‍ ഉണ്ടാവുന്നത് ഓവര്‍ ലോഡ് കാരണമാണെന്നും കോടതി പരാമര്‍ശിച്ചു.
ടൂറിസമാണ് കേരളത്തിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്ന്. സുരക്ഷിതമായ ടൂറിസം സാധ്യമായാലേ വിനോദ സഞ്ചാരികള്‍ എത്തുകയുള്ളൂ. അത്തരത്തിലുള്ള ടൂറിസമാണ് കേരളത്തില്‍ ഉണ്ടാവേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണമുണ്ടായത്. തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായി. ചില അഭിഭാഷകര്‍ ഉള്‍പ്പെടെ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇതിന്റെ കാരണമെന്തെന്നറിയില്ല. കോടതി സംസാരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഏവരും മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഇനിയും ഇത്തരമൊരു ദുരന്തം ഉണ്ടാവരുതെന്നാണ് സാധാരണ പൗരന്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് പറയാനുള്ളത്. അതിനാല്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടതുണ്ട്. ഓവര്‍ ലോഡിങ് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചപ്പോള്‍, ജില്ലാ കളക്ടര്‍ ഏതാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, കളക്ടര്‍ ഒരു ജില്ലയുടേത് മാത്രമല്ലേയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരിച്ചു ചോദിച്ചു. ബോട്ട് സര്‍വീസ് ഇപ്പോള്‍ കൂണുപോലെ മുളച്ചുപൊന്തുകയാണ്. എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ട് സര്‍വീസുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കോടതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, സര്‍ക്കാര്‍ വിരുദ്ധരായി മുദ്രകുത്തുന്നു. സ്വമേധയാ കേസെടുത്തതിനാല്‍ ഞങ്ങള്‍ക്കെതിരേയും ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഞാന്‍ വൈകാരികമായി തളര്‍ന്നുപോയി. നമുക്ക് കുഞ്ഞുങ്ങളെ നഷ്ടമായി. ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. മറ്റുള്ളവര്‍ പറയുന്നതൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഭക്ഷ്യ വിഷബാധയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തപ്പോള്‍ വലിയ മാറ്റം ഉണ്ടായി. കോടതി ഇടപെടല്‍ പലപ്പോഴും ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നുണ്ട്', ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ വാദങ്ങള്‍ക്കിടെ പറഞ്ഞു.
Content Highlights: high court justice devan ramachandran cyber attack tanur boat accident dr vandana das murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..