കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളേക്കുറിച്ച് മജിസ്‌ട്രേറ്റുമാര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. പ്രതികളെ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന വഴിപാട് ചോദ്യങ്ങള്‍ അല്ലാതെ പോലീസ് മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് വ്യക്തമായി ചോദിച്ചറിയണമെന്ന് ഹൈക്കോടതി മജിസ്‌ട്രേറ്റുമാര്‍ക്ക് അയച്ച രഹസ്യ സര്‍ക്കുലറില്‍ പറയുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് സംഭവിച്ച വീഴ്ചയെപ്പറ്റിയുള്ള ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസ് വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നു. എന്നാല്‍ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടായതിനാല്‍ അത് തരാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതേതുടര്‍ന്ന് മജിസ്‌ട്രേറ്റുമാര്‍ക്ക് അയച്ച രഹസ്യ സര്‍ക്കുലര്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി മാതൃഭൂമി ന്യൂസിന് നല്‍കുകയായിരുന്നു.
മൂന്ന് പേജ് അടങ്ങുന്ന സര്‍ക്കുലറില്‍ മജിസ്‌ട്രേറ്റുമാര്‍ക്കായി കര്‍ശനമായും പാലിക്കേണ്ട എട്ട് നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. സമീപകാലത്ത് നടന്ന ഒരു സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹാജരാക്കിയ പ്രതിയുടെ ദേഹത്തുണ്ടായിരുന്ന പോലീസ് ഏല്‍പ്പിച്ച മുറിവുകളില്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധ പതിയാതെ പോയി. ഇവിടെ പോലീസ് രക്ഷപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ ഹൈക്കോടതി വിശദീകരിക്കുന്നു.
പോലീസ് ഹാജരാക്കുന്ന പ്രതികളില്‍ നിന്ന് വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതോടൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് താരതമ്യപ്പെടുത്തണം. പ്രതിയുടെ ദേഹത്ത് മുറിവേറ്റിട്ടുണ്ടെങ്കില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അക്കാര്യം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിരിക്കണം. ജയിലില്‍ എത്തിച്ച പ്രതിയുടെ ആരോഗ്യാവസ്ഥയെപ്പറ്റി 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് വാങ്ങിയിരിക്കണം.
ആശുപത്രിയിലാണ് ഹാജരാക്കുന്നതെങ്കില്‍ പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തണം. ആരോഗ്യാവസ്ഥകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖാമൂലം നല്‍കണം. മാത്രമല്ല മജിസ്‌ട്രേറ്റുമാരുടെ സ്വകാര്യ- ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോലീസ് വാഹനം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
Content Highlights: High Court issued circular to all magistrates avoid custodial death