പ്രതീകാത്മകചിത്രം | AFP
കൊച്ചി: മാതാപിതാക്കളെ സഹായിക്കാനായി വഴിയോരത്ത് പേനയും മറ്റും വിറ്റതിന് പിടികൂടി ശിശുഭവനിലാക്കിയ രണ്ട് ഉത്തരേന്ത്യന്‍ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു. നവംബര്‍ 29 മുതല്‍ പള്ളുരുത്തിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഏഴും ആറും വയസ്സുള്ള ആണ്‍കുട്ടികളെയാണ് മോചിപ്പിച്ചത്.
മാലയും വളയും പേനയുമൊക്കെ വിറ്റു ജീവിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മക്കളായിരുന്നു ഇവര്‍. മാതാപിതാക്കളെ സഹായിക്കാനായി റോഡില്‍ പേനയും മറ്റും വില്‍ക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണ്‍ കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയക്കാന്‍ ഉത്തരവിട്ടത്.
അഭിഭാഷകനായ മൃണാളിന്റെ (മധുബെന്‍) സഹായത്തോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയിലെത്തിയത്. കുട്ടികള്‍ ഹര്ജിക്കാരുടേതുതന്നെയോ എന്നതടക്കമുള്ള സംശയമാണ് ശിശുക്ഷേമ സമിതിയടക്കം ഉന്നയിച്ചത്. ഹര്‍ജിക്കാരെയും ഇവര്‍ക്ക് താമസിക്കാന്‍ ലോഡ്ജ് വാടകയ്ക്ക് നല്കിയ ആളെയും കോടതിയില്‍ നേരിട്ട് ഹാജരാക്കിയാണ് ഈ വാദത്തെ ചെറുത്തത്.
സംസാരിക്കാന്‍പോലും അനുവദിക്കാത്ത കരുതല്‍
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസാണ് കുട്ടികളെ പിടികൂടിയത്. രക്ഷിതാക്കള്‍ ഷെല്‍ട്ടര്‍ ഹോമിലെത്തിയെങ്കിലും കുട്ടികളെ കാണിക്കാന്‍പോലും തയ്യാറായില്ല. ഭാഷപോലും അറിയാത്ത രക്ഷിതാക്കള്‍ക്ക് എങ്ങനെ കുട്ടികളെ മോചിപ്പിക്കാനാകും എന്ന കാര്യത്തില്‍ ഒരു പിടിയുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അയല്വാസിയെന്നനിലയില് പരിചയമുള്ള അഡ്വ. മൃണാളിനെത്തേടി അവരെത്തിയത്.
ഡല്‍ഹിയിലേക്ക് മാറ്റാനും തീരുമാനിച്ചു
കുട്ടികള്‍ ശരിയായരീതിയില്‍ വളരാന്‍ അവരുടെ സംസ്കാരത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും അതിനാല്‍ ഡല്‍ഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാന്‍ തീരുമാനിച്ചതായുമാണ് ശിശുക്ഷേമസമിതി അറിയിച്ചത്. അതോടെയാണ് കുട്ടികളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ബാലാവകാശനിയമം കുട്ടികളുടെ ക്ഷേമത്തിന്
ബാലാവകാശ നിയമപ്രകാരമുള്ള എല്ലാ തീരുമാനങ്ങളും കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുക എന്നതാണ്.
മാതാപിതാക്കളോടൊപ്പം റോഡില്‍ അലഞ്ഞുതിരിയേണ്ടവരല്ല കുട്ടികള്‍. സ്കൂളില്‍ വിടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത മാതാപിതാക്കള്‍ എങ്ങനെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കും എന്നറിയില്ല. എന്നിരുന്നാലും പോലീസിനോ ശിശുക്ഷേമസമിതിക്കോ കുട്ടികളെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളില്‍നിന്ന് അകറ്റാനോ അധികാരമില്ല -കോടതി പറഞ്ഞു.
Content Highlights: kerala high court children pen released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..