കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ സിബിഐ ഉദ്യോഗസ്ഥരുമായുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു.

നമ്പി നാരായണനും മുന്‍ സിബിഐ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇവര്‍ തമ്മില്‍ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ആക്ഷേപം.

എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹർജിക്കാർക്ക് ഹാജരാക്കാനായിട്ടില്ല എന്ന് ഹൈക്കോടതി പറഞ്ഞു.

കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അവയുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളായ എസ്. വിജയന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: High court dismisses petition against Nambi Narayanan