കൊച്ചി: പോലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

കേരളത്തില്‍ അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. 

നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന സുപ്രധാന നിര്‍ദേശവും ഇതേ ബെഞ്ച് ഇന്ന് മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിന് ഭൂഷണമല്ല നോക്കുകൂലി, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

Content Highlights: High court directs police to use polite language