കൊച്ചി: എന്ത് പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കരുതെന്ന് മിന്നല്‍ ഹര്‍ത്താല്‍ വിഷയത്തില്‍ ഹൈക്കോടതി. സമാധാനപരമായ ഹര്‍ത്താല്‍ എന്നൊന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ് കോടതിയില്‍ സമ്മതിച്ചു. ഡീന്‍ ഉള്‍പ്പടെയുള്ളവര്‍ ഇനി ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി അലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസും കാസര്‍കോട്ടെ യു.ഡി.എഫ്‌ നേതാക്കളായ എം.സി കമറുദ്ദീനും കെ ഗോവിന്ദന്‍ നായരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വ്യത്യസ്ത സത്യവാങ്മൂലങ്ങളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. ഡീന്‍ താന്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്ന കാര്യം കോടതിയില്‍ സമ്മതിക്കുകയായിരുന്നു. സമാധാനപരമായ ഹര്‍ത്താലിനാണ് താന്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോള്‍ തനിക്ക് മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള കേടതി ഉത്തരവിനെ കുറിച്ച് അറിയില്ലായിരുന്നെന്നും ഡീന്‍ വാദിച്ചിരുന്നു.

എന്നാല്‍ യു.ഡി.എഫ്‌ നേതാക്കളുടെ വാദം വ്യത്യസ്തമായിരുന്നു. തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഈ രണ്ട് വാദങ്ങളെയും തള്ളുന്നതായിരുന്നു കോടതി നിലപാട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടോ എന്നതല്ല നേതൃത്വം നല്‍കിയിട്ടുണ്ടോ എന്നതാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ ഇനി മാര്‍ച്ച് 18ന് കോടതി വിശദമായ വാദം കേള്‍ക്കും. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാനുള്ള അവസരം സംസ്ഥാന സര്‍ക്കാരിന് കോടതി നല്‍കിയിട്ടുണ്ട്.

content highlights: kerala high court, dean kuriakose, Indian Youth Congress, hartal