കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. 

അക്രമ സംഭവങ്ങളിലെ പങ്കാളിത്വം ഉറപ്പിച്ചാല്‍ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും. ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. 

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.