കൊച്ചി: നിയമ വിരുദ്ധമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. ഇവരോട് നേരിട്ട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് സ്വമേധയാ ഹര്‍ത്താലിനെതിരെ നടപടികള്‍ സ്വീകരിച്ചത്. 
 
ഗതാഗതമുള്‍പ്പെടെ സാധാരണ ജനജീവിതം തടസപ്പെട്ടതും അര്‍ധരാത്രിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എസ്എസ്എല്‍സി മോഡല്‍, ഐസിഎസ്‌സി പരീക്ഷകള്‍ തടസപ്പെട്ടതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസിഎസ് സി പരീക്ഷ ദേശീയതലത്തില്‍ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് അപ്രായോഗികമായതു കൊണ്ട് വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. 

പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ തുറക്കണമെന്നും അല്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു. ജനജീവിതം സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയണമെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഹര്‍ത്താലിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ അതിക്രമദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് കോടതിയലക്ഷ്യമാണെന്നും അത് ക്രിമിനല്‍ കുറ്റം തന്നെയാണെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസിനും ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. മുമ്പ് വാട്‌സ് ആപ്പിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേസെടുത്തിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്ന് കോടതി വിലയിരുത്തി. ഹര്‍ത്താലിനെ കുറിച്ചറിയാതെ ആയിരക്കണക്കിനാളുകള്‍ ബുദ്ധിമുട്ടി. ഇവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കോടതി നീങ്ങിയത്.

അര്‍ധരാത്രിയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്സും മറ്റു സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെ ഞായറാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയായിരുന്നു.

വെള്ളിയാഴ്ച ഹര്‍ത്താലിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ത്താലിന്റെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് അന്നേ ദിവസം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

 

Content Highlights: High Court directed Govt to take proper action on Hartal