കൊച്ചി:  മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ്  കേസില്‍ ഹൈക്കോടതി രജിസ്ട്രാറോട് ഹൈക്കോടതി വിശദീകരണം തേടി. തോമസ് ചാണ്ടിയുടെ കേസ് ഇന്ന് ലിസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ പങ്കാളിത്തമുള്ള വാട്ടര്‍ വേള്‍ഡ് കമ്പനി ആലപ്പുഴയില്‍ ഭൂമി നികത്തിയ സംഭവത്തില്‍  കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ജൂണ്‍ ആറാം തിയ്യതി പരിഗണിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചതായിരുന്നു.  എന്നാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. ഇക്കാര്യം തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ ആലപ്പുഴ സ്വദേശിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. 

ഇതോടെ  ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്തുകൊണ്ട് കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ലെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവര്‍  ഉച്ചയ്ക്ക് ചേംമ്പറിലെത്തി നേരിട്ട് വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. എന്നാല്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമോ എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.