കൊച്ചി: ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കരയുന്ന പെണ്‍കുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്‌നമായിരുന്നു ഇതെന്ന് കോടതി പറഞ്ഞു. പോലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. 

Read More: അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു; പിങ്ക് പോലീസിനെതിരേ പരാതി

പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെയും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കോടതി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി ഇന്ന് വിശദമായി കണ്ടു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

കരയുന്ന പെണ്‍കുട്ടിയെ എന്തുകൊണ്ട് ആ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. പോലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നത്. ഒരു മാപ്പ് പറഞ്ഞാല്‍ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയില്‍ എത്തിച്ചതെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. സംഭവം തുടങ്ങിയപ്പോള്‍ മുതല്‍ പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓര്‍ക്കണമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയില്‍ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും കോടതി ചോദിച്ചു.

പോലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. അടുത്തമാസം ആറിലേക്ക് കോടതി കേസ് മാറ്റി. അന്ന് സംസ്ഥാന പോലീസ് മേധാവി സംഭവം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. സംഭവത്തിന് ശേഷം പെണ്‍കുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

content highlights: high court criticises attingal pink police issue