അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 (വഞ്ചനാക്കുറ്റം) എന്നിവ പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.
വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ഈ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പി. കെ.എസ്. സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ.എസ്. ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ്.ഐമാരായ കലേഷ് കുമാര്‍, ജോഷി സി. എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്.ഐമാരായ എസ്. അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.
അതേസമയം, തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും വ്യക്തിവിദ്വേഷമാണെന്നും സൈബി ജോസ് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. മൂന്നോ നാലോ അഭിഭാഷകര്‍ പരാതി നല്‍കിയതിന്റെ പുറത്താണ് ഇതെന്നാണ് അറിയുന്നത്. തന്നെ വ്യക്തിപരമായി തകര്‍ക്കുന്നതിലൂടെ ജുഡീഷ്യറിയെ കൂടിയാണ് അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സൈബി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാണ് തനിക്കെതിരായ നീക്കത്തിനു പിന്നില്‍. പരാതി നല്‍കിയ നാലുപേരില്‍ ഒരാള്‍ തന്റെ അയല്‍വാസിയാണ്. വ്യക്തിപരമായി തന്നെ വര്‍ഷങ്ങളായി എതിര്‍ക്കുന്നവരും ജീവിതം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് പരാതിക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: high court bribery case: fir against saiby jose kidangoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..