കോടിയേരി ബാലകൃഷ്ണൻ |Screengrab:mathrubhumi news
തിരുവനന്തപുരം: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു.
വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം തൃശൂരിലും ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇത് ശനിയാഴ്ച അഞ്ചു മണിയോടെ അവസാനിപ്പിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി ചുരുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഈ മാസം 28 മുതല്‍ 30 വരെയാണ് ആലപ്പുഴ ജില്ലാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.
സിപിഎമ്മിന്റെ അഭിപ്രായം കേള്‍ക്കാതെ പറഞ്ഞ വിധിയാണിതെന്നും കോടിയേരി പ്രതികരിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കിയത്. പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്കി. ഒരാഴ്ചത്തേക്കാണ് ഉത്തരവിന് പ്രാബല്യം.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിക്കുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..