കൊച്ചി: കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനായിരുന്നു കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം കോവിഡ് കേസുകൾ കേരളത്തിൽ ദിനംപ്രതി വർധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

content highlights:high court asked to center when the required vaccine will be given to kerala