കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിക്കാനിടയായ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ ശ്രീറാമിന് കോടതി നോട്ടീസ് അയയ്ക്കും. 

വിഷയത്തില്‍ പോലീസിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. ശ്രീറാമിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് പോലീസ് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു. ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരും എന്ന് കരുതിയോ എന്ന് കോടതി ചോദിച്ചു. 

മദ്യപിച്ചത് തെളിയാതിരിക്കാന്‍ കിംസിലെ ഡോക്ടര്‍മാരുമായി ശ്രീറാം ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ വാദിച്ചു. ശ്രീറാമിനെ അപകടമുണ്ടായതിന് പിന്നാലെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ എഴുതിയ കേസ് ഷീറ്റാണ് സര്‍ക്കാര്‍ കോടതിയില്‍ പ്രധാനമായും ഹാജരാക്കിയത്. ഇതില്‍ ആല്‍ക്കഹോള്‍ സ്‌മെല്‍ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. ജനറല്‍ ആശുപത്രിയിലെ കേസ് ഷീറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയില്ല എന്ന് കോടതി ചോദിച്ചു. 

മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ട് പോലീസ് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ച പോലീസ് എന്തുകൊണ്ട് രക്തസാമ്പിള്‍ എടുത്തില്ല. ശ്രീറാമിന് പരിക്കേറ്റിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. രക്തസാമ്പിള്‍ എടുക്കാന്‍ എത്രസമയം വേണമെന്നാണ് കോടതി അപ്പോള്‍ ചോദിച്ചത്. 

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം നിലനില്‍ക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയ മറുപടി. അപ്പോള്‍ എന്തിനാണ് ശ്രീറാമിനെ കസ്റ്റഡിയില്‍ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ശ്രീറാം പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലാണ് കസ്റ്റഡിയില്‍ വേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. 

കൂടെയുണ്ടായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പോലീസിനോട്  പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞു. ഇതിന് ശേഷം വഫ ഫിറോസ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി കോടതിയില്‍ ഹാജരാക്കി. ശ്രീറാം വെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്നാണ് രഹസ്യമൊഴിയില്‍ പറയുന്നത്. ഇത് പരിശോധിച്ച കോടതി പോലീസിനെ വീണ്ടും വിമര്‍ശിച്ചു. 

ഇത്തരത്തില്‍ പോലീസിന്റെ വീഴ്ചകള്‍ കോടതി ഒരോന്നായി തുറന്നുകാട്ടി. അപകടം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണോയെന്നു അപകടം നടന്ന റോഡില്‍ സിസിടിവി ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ഗവര്‍ണര്‍ അടക്കം താമസിക്കുന്ന സ്ഥലത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയും. സ്‌റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.

Content Highlights: High Court against Police on Sreeram Venkitaraman accident case