കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവർ
ന്യൂഡല്‍ഹി:കെ.പി.സി.സി. നേതൃത്വത്തിലെ അഴിച്ചുപണിക്ക് ശേഷം ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനൊരുങ്ങി ഹൈക്കമാന്‍ഡ്. പുതിയ നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എല്ലാ ഡി.സി.സി.അധ്യക്ഷന്മാരേയും മാറ്റാനും ധാരണയായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നേതൃമാറ്റത്തിന് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതും അതുമായി മുന്നോട്ട് പോയതും. കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനുളള നിര്‍ദേശം ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കഴിഞ്ഞ കുറേക്കാലങ്ങളായി കെ.പി.സി.സി.ക്ക് അകത്ത് ജംബോ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തല, വി.എം.സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ കെ.പി.സി.സി.അധ്യക്ഷന്മാരിയിരിക്കേ ഇത് തുടര്‍ന്നു. എ-ഐ. ഗ്രൂപ്പുകളുടെ വീതംവെപ്പിനാണ് പലപ്പോഴും ഇത് വഴിവെച്ചിരുന്നത്. പത്ത് വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം ഭാരവാഹികളാണ് കഴിഞ്ഞതവണ ജംബോ കമ്മിറ്റികളുടെ ഭാഗമായി ഉണ്ടായിരുന്നത്. ആ സമിതിയിലാകട്ടെ ഭൂരിഭാഗം പേരും പ്രവര്‍ത്തിക്കാത്തവരാണ് എന്നൊരു വിമര്‍ശനവും ഉയര്‍ന്നിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി.അധ്യക്ഷന്‍ ആയിരിക്കേ ജംബോ സമിതി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമിതി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ അത് പാടില്ലെന്ന് കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആറുമാസത്തിനകം സമിതി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാണ് ഹൈക്കാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തന മികവിനുമാത്രമായിരിക്കണം പ്രഥമ പരിഗണനയെന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കേണ്ടതിലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
ഡിസിസി തലത്തിലും പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗ്രൂപ്പ് സമ്മര്‍ദത്തെ തുടര്‍ന്ന് അവരെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുമെന്നും അന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പ്രവര്‍ത്തന മികവ് മാത്രം കണക്കിലെടുത്ത് തീരുമാനം കൈക്കൊളളാനാണ് നിര്‍ദേശം.
ഇതിനുപുറമേ യുഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചകളും കേരളത്തില്‍ നടക്കും. താരിഖ് അന്‍വര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് കണ്‍വീനറിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിനോ ഹൈക്കമാന്‍ഡിനോ എടുക്കാം എന്നായിരുന്നു സൂചന. സംസ്ഥാനത്തെ ഘടകകക്ഷികളുമായി ഒരു തീരുമാനത്തിലെത്തി അക്കാര്യത്തില്‍ തീരുമാനത്തിലെത്താനാണ് നിര്‍ദേശം പോയിരിക്കുന്നത്. നിലവില്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.വി.തോമസിനെയാണ് പരിഗണിക്കുന്നത്.
Content Highlights:Congress High Command to disperse jumbo committees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..