തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ എം.എല്‍.എ.മാരുടെ മനസ്സറിയാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ബുധനാഴ്ചയെത്തും. ഘടകകക്ഷി നേതാക്കളെക്കണ്ട് അഭിപ്രായമറിയാനാണ് മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈദ്യലിംഗം എന്നിവരെ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ എംഎല്‍എമാരെ പ്രത്യേകം കാണും. പാര്‍ട്ടിയിലും പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. 

പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. 25 അംഗ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെങ്കിലും പൂര്‍ണായും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തീരുമാനമെടുക്കില്ല. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും. പാര്‍ട്ടിയിലും നേതൃസ്ഥാനത്തും സമഗ്രമായ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നോവിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുണ്ട്. 

ചെന്നിത്തല സ്വയം പിന്മാറിയാല്‍ വി.ഡി.സതീശനോ തിരുവഞ്ചൂരോ പ്രതിപക്ഷ നേതാവാകും. അല്ലാത്ത പക്ഷം എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമാണ്. എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ പേര് ഉയര്‍ത്തിക്കാട്ടുമെങ്കിലും ചെന്നിത്തല തുടരണമോ എന്നകാര്യത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. 

തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതിയില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്.  

ചെന്നിത്തലതന്നെ തുടരട്ടെയെന്ന അഭിപ്രായമുള്ളവരും പുതിയ തലമുറയിലേക്ക് നേതൃത്വം മാറട്ടെയെന്ന നിലപാടുകാരും പാര്‍ട്ടിയിലുണ്ട്. ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ മാറ്റംവരുത്തണമെന്നതാണ് വി.ഡി. സതീശന്‍ അനുകൂലികളുടെ വാദം. കാര്യങ്ങള്‍ ഫലപ്രാപ്തിയോടെ അവതരിപ്പിക്കാനുള്ള സാമര്‍ഥ്യവും ദീര്‍ഘകാലത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. സതീശന്‍ ഐ ഗ്രൂപ്പായതിനാല്‍ ഗ്രൂപ്പിനുള്ളിലെ സമവായവും അനിവാര്യമാണ്.

21 അംഗ നിയമസഭാ കക്ഷിയില്‍ ഐ ഗ്രൂപ്പിനാണ് നേരിയ മുന്‍തൂക്കം. നിയമസഭാകക്ഷി നേതൃസ്ഥാനം ലഭിക്കുകയാണെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി. തോമസ് എന്നിവരാണ് എ ഗ്രൂപ്പിന്റെ മനസ്സിലുള്ളത്. എന്നാല്‍, പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കേണ്ടെന്നും പൊതുവികാരമനുസരിച്ച് തീരുമാനം വരട്ടെയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തങ്ങള്‍ സമ്മര്‍ദം ചെലുത്തി രമേശിനെ മാറ്റിയെന്ന ധാരണ വരരുതെന്ന തീരുമാനവുമുണ്ട്.

നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ശക്തമായ ചേരിതിരിവില്ലെങ്കിലും അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണ്.

കെ.പി.സി.സി.തലത്തിലുള്ള അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നടത്തില്ല. ഇക്കാര്യം പിന്നീട് വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ ഉണ്ടാകൂ. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയുടെ യോഗവും അടുത്തയാഴ്ച രണ്ടുദിവസം ചേരുന്നുണ്ട്.

Content Highlights:High command representatives to reach Kerala to select the next opposition leader