ന്യൂഡല്‍ഹി: ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന വിലക്കിയതായും ഇനി പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

വ്യത്യസ്ത  അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. പ്രശ്‌ന പരിഹാരത്തിന് അതിന്റേതായ സംവിധാനം പാര്‍ട്ടിയിലുണ്ട്. അല്ലാതെ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെയാണ് ബാധിക്കുകയെന്നും മുകള്‍ വാസ്‌നിക്ക് ചൂണ്ടിക്കാട്ടി. പരസ്യ പ്രസ്താവനകളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും മുകള്‍ വാസ്‌നിക് പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രതിപക്ഷമില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് ചേരിതിരിഞ്ഞുള്ള കോണ്‍ഗ്രസിലെ പോരിന് തുടക്കമായത്. ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവായ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയതോടെ പ്രശ്‌നം രണ്ട് നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ എത്തി.

തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് കൊല്ലം ഡിസിസി ഓഫീസിനു മുന്നില്‍ ഉണ്ണിത്താനു നേരെ കൈയേറ്റശ്രമവും ഉണ്ടായി. സംഭവം ഗ്രൂപ്പ് തിരിഞ്ഞുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ എത്തിയതോടെയാണ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടത്.