കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കല്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി. മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെൺകുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങൾ മോന്‍സണ്‍ മാവുങ്കല്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം.

പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളിപ്പെടുത്തല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്. അന്വേഷണത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോന്‍സണ്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പതിനേഴ് വയസുമുതല്‍ തന്നെ മോന്‍സണ്‍  പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി. മോന്‍സണ്‍ അറസ്റ്റിലാകുന്നതുവരെ മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തില്‍ നടക്കുന്നത്. പെണ്‍കുട്ടി മോന്‍സന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധനയടക്കം വേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചു.

അതേസമയം ഡിആര്‍ഡിഓ വ്യാജരേഖ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

Content Highlights: Hidden camera in Monson's massaging parlour says victim of sexual abuse