കൊച്ചി:  കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഗുണകരമായ ഒന്നുമില്ലെന്ന് ഹൈബി ഈഡന്‍ എം.പി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനോടൊപ്പം തന്നെ രണ്ടാം ഘട്ടവും ആരംഭിക്കുക എന്നതായിരുന്നു യു പി എ സര്‍ക്കാരിന്റെ നിലപാട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആ സമയത്ത് തന്നെ ഡി.എം.ആര്‍. സിക്ക് വേണ്ടി ഡോ.ഇ ശ്രീധരന്‍ തയ്യാറാക്കി നല്കിയതുമാണ്. 2019 ഫെബ്രുവരിയില്‍ തത്വത്തില്‍ അംഗീകാരമായ പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അനാവശ്യമായി ചുവപ്പ് നാടയില്‍ കുരുക്കുകയായിരുന്നു. പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ ക്‌ളിയറന്‍സും കേന്ദ്ര മന്ത്രിസഭാ അംഗീകാരവും മാത്രമാണ് വേണ്ടിയിരുന്നത്. കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നത് വരെ അനാവശ്യമായി പദ്ധതി നീട്ടി കൊണ്ട് പോവുകയായിരുന്നു. ആലുവ മുതല്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള മുന്നാംഘട്ടം പ്രഖ്യാപിക്കേണ്ട സമയത്ത് നിലവില്‍ നടപടി ക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ഘട്ടം വീണ്ടും പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ കാണാന്‍ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി മെട്രോ പദ്ധതിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ ഒരു റീച്ചാണ് രണ്ടാം ഘട്ടത്തിലുള്ളത്. പ്രതിദിനം അന്‍പതിനായിരത്തോളം യാത്രക്കാരെ പ്രതീക്ഷിക്കാവുന്ന റീച്ചാണിത്. ജില്ലാ ഭരണ സിരാകേന്ദ്രമായ കളക്ടറേറ്റ്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റിയുമെല്ലാം കാക്കനാടാണ്. മെട്രോ പദ്ധതി ഇന്‍ഫോപാര്‍ക്കിലേക്ക് നീളുന്നതോടെ ഐ.ടി രംഗത്തെ വനിത ജീവനക്കാര്‍ക്ക് ഒരു സുരക്ഷിത യാത്ര കൂടിയാകും. 11.3 കിലോമീറ്ററുകളിലായി 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തില്‍. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആ സമയത്ത് തന്നെ ഡി.എം.ആര്‍. സിക്ക് വേണ്ടി ഡോ.ഇ ശ്രീധരന്‍ തയ്യാറാക്കി നല്കിയതുമാണ്. മന്ത്രിയെ നേരില്‍ കണ്ടും താന്‍ കൂടി അംഗമായ നഗര കാര്യ പാര്‍ലമെന്റ് കമ്മിറ്റിയിലും ഈ വിഷയം പല തവണ ഉന്നയിച്ചതാണ്. പേട്ട വരെയുള്ള റീച്ചിന്റെ ഉദ്ഘാടന സമയത്തും ഇത് സംബന്ധിച്ച് മന്ത്രിയോട് നേരില്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ തിരഞ്ഞെടുപ്പ് സമയത്തുള്ള ഈ പ്രഖാപനത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമായി ജനങ്ങള്‍ കാണുമെന്ന് കാര്യത്തില്‍ സംശയമില്ല.

കൊച്ചി മത്സ്യ ബന്ധന ഹാര്‍ബര്‍ വാണിജ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം ബീന ഈ വിഷയത്തില്‍ പ്രത്യേക താല്പര്യമെടുത്തിരുന്നു. ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നതുമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കമുള്ള പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് യാഥാര്‍ഥ്യമാകുന്നതിന് എറണാകുളത്തെ ജനങ്ങള്‍ ഒട്ടനവധി ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. നിലവില്‍ 25 % ഓഹരി വിറ്റിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ കോര്‍പ്പറേറ്റുകളെ ഷിപ്പ്‌യാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ പങ്കാളിയാക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കാനിടയാകും. ഏറെ തന്ത്രപ്രധാനമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഷിപ്പ്യാര്‍ഡ് സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കം ശക്തമായി എതിര്‍ക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. 

കോവിഡ് മഹാമാരി നാശംവിതച്ച ഈ കാലത്ത് സാധാരണക്കാരന്റെ ജീവിതം സുഖമമാക്കുന്നതിനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, തുടങ്ങി താഴെ തട്ടിലുള്ളവര്‍ക്ക് ആശ്വാസകരമാകുന്ന യാതൊരു പദ്ധതികളും ബജറ്റിലില്ലെന്നും ഇന്ധന വില വര്‍ധന തടയിടാന്‍ യാതൊരു നീക്കവുമില്ലെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. 

Content Highlights: hibi eden mp response about union budget 2021