
-
കൊച്ചി: കോവിഡ് വ്യാപന ആശങ്ക വർധിക്കുന്ന എറണാകുളം ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ല കളക്ടർ എസ് സുഹാസിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി. കോവിഡ് ആരംഭ ഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഹൈബി ഈഡൻ വ്യക്തമാക്കി.
കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ കുഞ്ഞിനെ കാണാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. ഇതുപോലെ നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നമുക്ക് വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ടാകും.
എന്നാൽ ഒരിക്കൽ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് ഒരു കൂട്ടം ആളുകൾ നടക്കുന്നുണ്ടെന്നും ഹൈബി ഈഡൻ വിമർശിച്ചു. ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുതെന്നും അദ്ദേഹം നിർദേശിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു.
ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കൽ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകൾ...
എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ.. നമുക്കൊരുമിക്കാം
പ്രിയ കളക്ടർ... ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ....
content highlights:Hibi Eden MP praise Ernakulam Collector S Suhas, covid prevention
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..