തിരുവനന്തപുരം: മാവോവാദി വേട്ടയ്ക്കുള്‍പ്പെടെയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ കൂടുതല്‍ തുക നല്‍കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതില്‍ ദുരൂഹത തുടരുന്നു. അതീവ നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢില്‍ കേരളം ഇപ്പോള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനേക്കാള്‍ പകുതി വാടക നിരക്കിലാണ് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്. 

ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ പവന്‍ഹംസില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പോകുന്നത്. അതും 20 മണിക്കൂര്‍ സര്‍വീസിന്‌. അധിക സര്‍വീസിന്  67,926 രൂപ മണിക്കൂറിന് വെച്ച് നല്‍കണം. 

എന്നാല്‍ ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്റര്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് 25 മണിക്കൂറിന് 85 ലക്ഷം രൂപ മാത്രം വാടക നല്‍കിയാണ്. വിങ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ഛത്തീസ്ഗഢ് സര്‍ക്കാറിന് സര്‍വീസ് നടത്തുന്നത്. 

മറ്റു പതിനൊന്ന് സംസ്ഥാനങ്ങളില്‍ പവന്‍ ഹംസാണ് സര്‍വീസ് നല്‍കുന്നത്. പൊതുമേഖല സ്ഥാപനമാണ്. പരിപാലന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഈ കമ്പനിയെ തിരഞ്ഞെടുക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് കേരള പോലീസ് നല്‍കുന്ന വിശദീകരണം. 

56 ലക്ഷത്തിന്റെ കരാര്‍ മറികടന്നാണ് സര്‍ക്കാര്‍ പവന്‍ഹംസുമായി ഒരു കോടി 44 ലക്ഷത്തിന്റെ കരാര്‍ ഉറപ്പിക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. 56 ലക്ഷത്തിന് 46 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ രണ്ട് ഹെലികോപ്റ്റര്‍ നല്‍കാമെന്ന ശുപാര്‍ശയുമായി ചിപ്‌സാന്‍ ഏവിയേഷന്‍ എന്ന കമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ഒരു സിംഗിള്‍ എഞ്ചിനും ഒരു ഡബിള്‍ എഞ്ചിന്‍ ഹെലികോപ്റ്ററുമാണ് ഈ കരാറില്‍ ഉണ്ടായിരുന്നത്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Content Highlights: Helicopter row-Kerala police-pawan hans