ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ. File Photo - Mathrubhumi archives
കൊച്ചി: വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ 'വില്‍പ്പനയ്ക്ക്' എന്ന തലക്കെട്ടിലൊരു പരസ്യമുണ്ട്. ചിത്രത്തില്‍ കളിപ്പാട്ടം പോലൊരു ഹെലികോപ്റ്റര്‍. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്.പി. ഹെലികോപ്റ്ററാണിത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഈ ഹെലികോപ്റ്ററാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11 -ന് എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കേണ്ടിവന്നത്. ഒരു വര്‍ഷത്തിനിപ്പുറം ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന.
കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണിത്. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. ഇപ്പോഴും പറക്കാവുന്ന അവസ്ഥയിലല്ല. എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ എന്നത് ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ട്.
നാലുവര്‍ഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും. പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനാകും.
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ലിയോനാര്‍ഡോ 109 എസ്.പി. വിലയിരുത്തപ്പെടുന്നത്.
ഹെലികോപ്റ്ററുകളുടെ പുനര്‍വില്‍പ്പന വിദേശരാജ്യങ്ങളിലേത് പോലെ ഇവിടെ വ്യാപകമല്ല. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്‍പ് എട്ടു ബിസിനസ് ജെറ്റുകള്‍ വെള്ളത്തിനടിയിലായിരുന്നു. ഇതേരീതിയില്‍ നടന്ന വില്‍പ്പനയില്‍ അവയിലറേയും വിദേശ കമ്പനികള്‍ വാങ്ങി. കേടായ ഹെലികോപ്റ്ററുകളുടെ വലിയ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ത്യയില്‍ സൗകര്യം കുറവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..