പാലിയേക്കര: ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വൻ ഗതാഗതക്കുരുക്ക്.  ഫാസ്ടാഗില്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് വരിയില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവില്‍ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തിവിടുന്നത്. തിരക്കുള്ള സമയങ്ങളിലെങ്കിലും മറ്റ് ലൈനുകള്‍കൂടി തുറന്നു നല്‍കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. 

ടോള്‍പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. ട്രാക്കുകളിലെ സാങ്കേതികത്തകരാര്‍ പരിഹരിച്ച ദേശീയപാത അതോറിറ്റി വാഹനങ്ങള്‍ക്ക് ഫാസ്ടാഗിലേക്ക് മാറാനനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ടോള്‍പ്ലാസയുടെ ഇരുവശത്തേക്കുമുള്ള 12 ട്രാക്കുകളും ഇതോടെ ഫാസ്ടാഗ് ട്രാക്കുകളായി മാറി. 

ടോള്‍പ്ലാസക്കുസമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ പ്രാദേശിക സൗജന്യപാസ് ഉപയോഗിക്കുന്ന 44,000 വാഹനങ്ങളില്‍ 12,000 വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറിയിട്ടുണ്ടെന്ന് ടോള്‍പ്ലാസ അധികൃതര്‍ പറയുന്നു. ദിവസേന 5,000 പ്രാദേശിക വാഹനങ്ങളാണ് ടോള്‍പ്ലാസയിലൂടെ സൗജന്യയാത്ര നടത്തുന്നത്.

Content Highlights: Heavy traffic block in Paliyekkara toll plaza