കനത്തമഴയിൽ കുത്തിയൊഴുകുന്ന തൊടുപുഴയാർ. ചിത്രം: അജേഷ് ഇടവെട്ടി
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറത്ത് റെഡ് അലേര്‍ട്ടും എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്ന ജില്ലകളില്‍ ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാനും നിര്‍ദേശമുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനിയിലും നിലമ്പൂരിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചാലിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. തമിഴ്‌നാട് മേഖലയിലും വനത്തിലും അതിശക്തമായ മഴയാണ്. ചാലിയാറിലേക്കാണ് ഈ വെള്ളം എത്തുന്നത്. ചാലിയാര്‍ കടന്നു പോകുന്ന നിലമ്പൂര്‍ നഗരസഭയും പത്തോളം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കോഴിക്കോട് മലയോര മേഖലയിലും കനത്ത കാറ്റും മഴയുമാണ്. ചിലയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത് മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പുപ്പിന്റെ മുന്നറിയിപ്പ്. മാവൂര്‍ മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
വയനാട്ടിലും മഴ ശക്തമായി. ഇന്നലെ വൈകിട്ട് ജില്ലയുടെ പല ഭാഗത്തും അതിശക്തമായ മഴയാണ് പെയ്തത്. ജനവാസ കേന്ദ്രങ്ങളിലടക്കം പല ഭാഗത്തും വെള്ളം കയറി. കോഴിക്കോട് മൈസൂര്‍ ദേശീയ പാതയില്‍ മുത്തങ്ങക്ക് സമീപം തകരപ്പാടിയില്‍ വെള്ളം കയറി. ആ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടി മാനന്തവാടി റോഡിലും വെള്ളം കയറി.
ഇടുക്കി ജില്ലയിലും മഴ തുടരുകയാണ്. ഏലപ്പാറ നല്ലതണി റൂട്ടില്‍ മലവെള്ളപ്പാച്ചിലുണ്ടായി. നല്ലതണ്ണി പാലത്തില്‍നിന്ന് ഒരു കാറും യാത്രക്കാരും ഒലിച്ചുപോയി. പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞതോടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മലങ്കര, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍ അണക്കെട്ടുകള്‍ ഇപ്പോള്‍ത്തന്നെ തുറന്നിട്ടുണ്ട്.
Content Highlights: Heavy rains pound the state with landslides reported in hilly areas, IMD issues red alert for Malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..