ഇടുക്കിയില്‍ ജലനിരപ്പ് 2389.52 അടി; വടക്കന്‍ കേരളത്തില്‍ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത


ഇടുക്കി ഡാം (ഫയൽ ചിത്രം )| ഫോട്ടോ: മാതൃഭൂമി

മാങ്കുളം: കനത്തമഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു. ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 21.5 മില്ലിമീറ്റര്‍ മഴ കിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ ആയപ്പോള്‍ 51.8 മില്ലിമീറ്റര്‍ ആയി. 27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഉത്പാദനം പരമാവധി ആക്കേണ്ടിവരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയില്‍ എത്തി.ഈ നില തുടര്‍ന്നാല്‍ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. നീലജാഗ്രത പുറപ്പെടുവിച്ചാല്‍ ഡാമില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കും. റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയില്‍ നീലജാഗ്രത, 2396.8 അടിയില്‍ ഓറഞ്ച് ജാഗ്രത, 2397.8 അടിയില്‍ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നല്‍കേണ്ടത്.

അതിനുമേല്‍ ജലനിരപ്പുയര്‍ന്നാല്‍ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയില്‍ പത്തുദിവസം വരെ പിടിച്ചുനിര്‍ത്താം. അതിന് സാധിക്കണമെങ്കില്‍ ചുവന്ന ജാഗ്രത കടന്നാല്‍ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

പ്രധാന അണക്കെട്ടുകളിലെ ചൊവ്വാഴ്ചത്തെ ജലനിരപ്പ്

  • ഇടുക്കി 2389.52അടി
  • മാട്ടുപ്പെട്ടി 1597.9മീറ്റര്‍
  • ഇടമലയാര്‍ 163.8മീറ്റര്‍
  • കക്കയം 749.20മീറ്റര്‍
  • മലമ്പുഴ 113.74മീറ്റര്‍
  • പാംബ്ല 253മീറ്റര്‍
  • ഷോളയാര്‍ 811.32മീറ്റര്‍
  • പരപ്പാര്‍ 112.69മീറ്റര്‍
വടക്ക് മഴ തുടരും

കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ കാരണമായി അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. അതിനാല്‍ വടക്കന്‍ കേരളത്തില്‍ മൂന്നുദിവസം മഴ തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഇത് ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്കാണ് നീങ്ങുകയെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

അഞ്ചുദിവസംകൂടി കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മഴയ്ക്ക് കാരണമായി അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമെന്നും ആശങ്കപ്പെടേണ്ടെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മഴ ശക്തമായതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ ജല ശുദ്ധീകരണ ശാലയില്‍ സ്ഥാപിച്ച ജലമാപിനിയില്‍ 1.08 മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് രേഖപ്പെടുത്തി. മലയോര മേഖലയിലും കനത്ത മഴ ലഭിച്ചതിനാല്‍ വലിയ തോതില്‍ ജലം ഒഴുകിയെത്തി. ഇതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ബലിതര്‍പ്പണ കടവുകളടക്കം വെള്ളത്തിനടിയിലായി. മണപ്പുറത്തെക്കാള്‍ ഒന്നരയടി താഴ്ചയിലാണ് മണപ്പുറം ശിവക്ഷേത്രം. പുലര്‍ച്ചെ തന്നെ ക്ഷേത്രവളപ്പില്‍ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഉയര്‍ന്ന് ഭഗവാന് ആറാട്ട് നടക്കുമെന്ന ധാരണയില്‍ നിരവധി പേര്‍ ക്ഷേത്രത്തിലെത്തി. പെരിയാര്‍ നദി കരകവിയുമ്പോള്‍ ഇവിടെ സ്വാഭാവിക ആറാട്ട് നടക്കുന്നതായാണു വിശ്വാസം.ഉച്ചയ്ക്കുശേഷം മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നു. 1.03 മീറ്ററാണ് രാത്രിയിലെ ജലനിരപ്പ്.

ചാലക്കുടിയില്‍ വീണ്ടും പ്രളയഭീതി

പ്രളയകാലത്തിനു സമാനമായ അവസ്ഥയായിരുന്നു ചൊവ്വാഴ്ച രാവിലെ ചാലക്കുടിയില്‍. ഉച്ചയോടെ സ്ഥിതി അല്പം ഭേദപ്പെട്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് അധികൃതര്‍. അടുത്ത രണ്ടു ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലാണ് ആശങ്ക അകലാത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആറങ്ങാലയില്‍ പുഴയിലെ ജലനിരപ്പ് ഒരു മീറ്റര്‍ ആയിരുന്നു. മൂന്നരമണിക്കൂര്‍കൊണ്ട് ഇത് 6.3 മീറ്ററായി ഉയര്‍ന്നു. മഴ തുടര്‍ന്നതോടെ അപകടാവസ്ഥ കൂടിവന്നു.

പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. എന്നാല്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസമായി. അതിരപ്പിള്ളി മുതല്‍ പൊയ്യ വരെയുള്ള ഏഴു പഞ്ചായത്തുകളിലെയും ചാലക്കുടി മുനിസിപ്പാലിറ്റിയിലെയും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

പാലക്കാട് അഞ്ച് അണക്കെട്ടുകള്‍ തുറന്നു

കനത്തമഴ തുടരുന്നതോടെ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി ഡാമുകളില്‍നിന്നുള്ള വെള്ളമാണ് കൂടുതലായി തുറന്നുവിട്ടത്. പറമ്പിക്കുളം ഡാം ചൊവ്വാഴ്ച രാവിലെ തുറക്കുകയും ചെയ്തു. 12,000 ക്യുസെക്‌സ് വെള്ളമാണ് പെരിങ്ങല്‍കുത്ത് വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നത്. മലമ്പുഴയിലും മീങ്കരയിലും ചുള്ളിയാറിലും ജാഗ്രതാനിര്‍ദേശം നല്‍കി. ശിരുവാണിയില്‍നിന്ന് റിവര്‍ സ്ലൂയിസ് വഴിയാണ് വെള്ളം വിട്ടുകൊണ്ടിരിക്കുന്നത്.

Content Highlights: Heavy rains lash Kerala, orange alert in 9 districts

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented