
കോട്ടയം പഴയിടം കോസ്വേയുടെ ഒരുഭാഗം നെടുകെ പിളർന്നനിലയിൽ
കോട്ടയം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം ഉയര്‍ന്നതോടെ കുട്ടനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
പാലായെ മുക്കിയ വെള്ളം ഇറങ്ങിയതോടെ കോട്ടയവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. മീനച്ചില്‍, കൊടൂരാറുകള്‍ കരകവിഞ്ഞ് കോട്ടയം നഗരത്തിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അയര്‍ക്കുന്നം, പേരൂര്‍, പൂവത്തുംമൂട്, പാറേച്ചാല്‍, തിരുവഞ്ചൂര്‍, താഴത്തങ്ങാടി ഭാഗങ്ങളില്‍നിന്ന് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. കുമരകം, അയ്മനം, ആര്‍പ്പുക്കര, തിരുവാര്‍പ്പ് പഞ്ചായത്തുകളിലും വെള്ളം കയറി.
ഇടുക്കി ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ടാണ്. എന്നാല്‍ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സമയം മുല്ലപ്പെരിയാര്‍ സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടാല്‍ അപകടമാകും.
അലപ്പുഴയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളമെത്തിയതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയിലാണ്. വെള്ളത്തിന്റെ വരവ് ശക്തമായി തുടര്‍ന്നാല്‍ കഴിഞ്ഞവര്‍ഷത്തിന് സമാനമായ വെള്ളപ്പൊക്കം ഇത്തവണയുമുണ്ടായേക്കും.
പത്തനംതിട്ട ജില്ലയില്‍ ആശങ്ക തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ്. പമ്പ ഡാം പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്. മഴയുടെ തോത് അനുസരിച്ച് ഇന്നോ നാളെയോ ഡാം തുറന്നുവിട്ടേക്കും. എന്നാല്‍ ആറന്മുള, റാന്നി പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
Content Highlights: Heavy rains continue in Central Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..