പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴയെ തുടര്‍ന്ന് കുന്തിപ്പുഴയും ഭവാനിപ്പുഴയും കരകവിഞ്ഞൊഴുകയാണ്. മലയോര മേഖലകളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും മൂലം പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിൽ അട്ടപ്പാടിയിലെ വിദൂര ഊരുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മുരുകള, തലപ്പട, കിണറ്റുകര, ഗലസി, മേലേത്തൊടുക്കി എന്നീ ഊരുകളാണ് ഒറ്റപ്പെട്ടത്.

കുന്തിപ്പുഴയും ഭവാനിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ പല പാലങ്ങളും വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂർ പന്നിയൂർ പടിക, പാക്കുളം ആനക്കല്ല്, താവളംമുള്ളി എന്നീ പാലങ്ങൾ വെള്ളത്തിനടിയിലായി. ചെമ്മണ്ണൂർ പാലത്തിന്റെ താത്ക്കാലിക കൈവരികൾ തകർന്നിരിക്കുകയാണ്. 

അതേസമയം, അതിർത്തിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. നീലഗിരികളിൽ നിന്നടക്കമുള്ള മഴവെള്ളം ചാലിയാറിലാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. മഴവെള്ളപ്പാച്ചിലിൽ ചോലകളും പുഴകളും നിറഞ്ഞൊഴുകുകയാണ്. കാളികാവിൽ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. ചാലിയാറിലും മറ്റു പോഷക നദികളിലും ജലനിരപ്പ് ഉയർന്നതോടെ ദുരന്തനിവാരണ വിഭാഗം അതീവ ജാഗ്രതയിലാണ്. 

മഴ കനക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയാരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. 

മലപ്പുറത്ത് ഏറനാട്, നിലമ്പൂർ താലൂക്കുകളിലാണ് മഴക്കെടുതി രൂക്ഷം. ചാലിയാറിന്റെ തീരങ്ങളും മലയോരപ്രദേശങ്ങളും ഉൾപ്പെടുന്നതുകൊണ്ട് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ പ്രദേശങ്ങളെയായിരിക്കും.

Content Highlights: heavy rainfall in attappadi and malappuram