തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 12-ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലർട്ട്-

ജൂലൈ 12: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 13:എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ്
ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി,  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.5  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കര്‍ണാടക തീരത്ത്  മംഗലാപുരം മുതല്‍ കാര്‍വാര്‍ വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.9  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട്  തീരത്ത്  കൊളച്ചല്‍  മുതല്‍ തമിനാടിന്റെ തെക്കുഭാഗത്തുള്ള കിലാകാരി വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതല്‍ 3.1  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍, 12 മുതല്‍ 16 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14-ാം തീയതി വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍  മണിക്കൂറില്‍ 45 മുതല്‍ 55  കിലോ മീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍  65 കിലോ മീറ്റര്‍  വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

15 മുതല്‍ 16 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40  മുതല്‍ 50 കിലോ മീറ്റര്‍വരെ വേഗത്തിലും  ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍വരെ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Content Highlights: Heavy rainfall alert in Kerala