പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മണ്‍സൂണ്‍പാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടുമാറി സജീവമായതിന്റെ ഫലമാണ് കേരളത്തില്‍ ശക്തമായ മഴയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത രണ്ടുദിവസങ്ങളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്.
കാറ്റും മഴയും; മൂന്ന് മരണം
കോഴിക്കോട്: തിങ്കളാഴ്ച കനത്തമഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി അശ്വിന് തോമസ് (20), ഇടുക്കി അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍കുടി കുഴിയാലിയില്‍ കെ.സി. പൗലോസ് (56), പീരുമേടിന് സമീപം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശിനി ഭാഗ്യം (പുഷ്പ -50) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിന് സമീപത്തെ റോഡില്‍ കനത്തകാറ്റില്‍ പൊട്ടിവീണ തെങ്ങില്‍ ഇടിച്ചാണ് ബൈക്ക് യാത്രികനായ അശ്വിന് തോമസ് അപകടത്തില്‍പ്പെട്ടത്. കെട്ടിടനിര്‍മാണം നടക്കുന്നതിനിടെ മണ്‍ഭിത്തി ഇടിഞ്ഞ് ദേഹത്തുവീണാണ് പൗലോസ് അപകടത്തില്‍പ്പെട്ടത്. ഏലപ്പാറയില്‍ ലയത്തിലേക്ക് മണ്ണിടിഞ്ഞാണ് ഭാഗ്യം അപകടത്തില്‍പ്പെട്ടത്.
ഇടിമിന്നല്‍: ജാഗ്രതാനിര്‍ദേശം
കോഴിക്കോട്: ജൂലായ് അഞ്ചിന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇടിമിന്നല്‍ ദൃശ്യമല്ലെന്ന കാരണത്താല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതബന്ധം വിച്ഛേദിക്കുക, വൈദ്യുത ഉപകരണങ്ങളുടെ സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..