കനത്തമഴ വടക്കന്‍കേരളത്തിലേക്ക്; വെള്ളിയാഴ്ചവരെ മഴ തുടരും


അതിതീവ്ര മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ വടക്കന്‍ജില്ലകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച പത്തുജില്ലകളില്‍ ചുവപ്പുജാഗ്രത നല്‍കി. വ്യാഴാഴ്ച ഒമ്പതുജില്ലകളിലും. അതിതീവ്രമഴ വടക്കന്‍കേരളത്തിലേക്കും വ്യാപിക്കുകയാണ്. വെള്ളിയാഴ്ചയോടെ മഴയ്ക്ക് ശക്തികുറയാന്‍ സാധ്യതയുണ്ട്.

2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമില്ലെങ്കിലും അതിജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പമ്പ, നെയ്യാര്‍, മണിമല, കരമന നദികളില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ജലക്കമ്മിഷന്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. മീനച്ചില്‍, തൊടുപുഴ, അച്ചന്‍കോവില്‍, കാളിയാര്‍ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്.

കേരളം-ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെയും കര്‍ണാടകതീരത്ത് ശനിയാഴ്ചവരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജലസേചനവകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും 23 അണക്കെട്ടുകള്‍ തുറന്നു. എന്നാല്‍, വലിയ അണക്കെട്ടുകളില്‍ ആശങ്കാജനകമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

12 ജില്ലകളില്‍ അവധി

അതിതീവ്രമഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി.

വടക്കന്‍ജില്ലകളില്‍ അതിജാഗ്രത വേണം -മുഖ്യമന്ത്രി

തിരുവനന്തപുരം: അതിതീവ്ര മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ വടക്കന്‍ജില്ലകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലായ പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.

കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പുപ്രകാരം, പമ്പ(മാടമണ്‍), നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലവിതാനം അപകടനിരപ്പ് കടന്നിട്ടുണ്ട്.

അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കയാണ്. നദികളുടെ കരയിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതി; അതിതീവ്രം

  • ഒറ്റദിവസം സംസ്ഥാനത്ത് 13 ഉരുള്‍പൊട്ടല്‍
  • മഴക്കെടുതിയില്‍ ആകെ മരണം 12 ആയി
  • ചൊവ്വാഴ്ച മാത്രം മരിച്ചത് ഏഴുപേര്‍
  • 2300 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: കൊടുംനാശം വിതച്ച് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതിജാഗ്രത. വിവിധയിടങ്ങളിലായി ചൊവ്വാഴ്ചമാത്രം ഏഴുപേര്‍ മരിച്ചു. കണ്ണൂര്‍ കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാല്‍, നിടുംപൊയില്‍, ചെക്കേരി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കേളകം താഴെവെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടരവയസ്സുകാരി മകള്‍ നുമ തെസ്‌ലിന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണാലി ചന്ദ്രന്‍ (55) എന്നിവരാണ് മരിച്ചത്.

കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ഓരോരുത്തരും മരിച്ചു. ഇതോടെ കഴിഞ്ഞ മൂന്നുദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി. ചൊവ്വാഴ്ച 13 ഉരുള്‍പൊട്ടലുണ്ടായി. 99 ദുരിതാശ്വാസക്യാമ്പുകളിലായി 2300 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ വിവിധ ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ചൊവ്വാഴ്ച മാത്രം 24 വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടയില്‍ സംസ്ഥാനത്ത് തകര്‍ന്ന വീടുകളുടെ എണ്ണം 130 ആയി.

കണ്ണൂരില്‍ കണിച്ചാര്‍ പഞ്ചായത്ത് തുടിയാട് കച്ചറമുക്ക് റോഡില്‍ മൂന്നുഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സാഹസികമായി രക്ഷിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

കോട്ടയം കൊക്കയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തൊഴിലാളിയുടെ മൃതദേഹംകിട്ടി. കൂട്ടിക്കല്‍ കന്ന്പറമ്പില്‍ റിയാസാണ് (45) മരിച്ചത്.

എറണാകുളം കോതമംഗലം കുട്ടംപുഴയില്‍ മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍വീണ് ഉരുളന്‍തണ്ണി കവനക്കുഴടിയില്‍ പൗലോസ് (66) മരിച്ചു. പശുവിനെക്കെട്ടാന്‍ പോകുന്നതിനിടെയാണ് അപകടം.

തിരുവനന്തപുരത്ത് കന്യാകുമാരി സ്വദേശി പുത്തന്‍തുറ കിങ്സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു.

ചേറ്റുവ അഴിമുഖത്തിന് സമീപം ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കായി ചൊവ്വാഴ്ച രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം സ്വദേശികളായ മണിയന്‍ (വര്‍ഗീസ്-46), ഗില്‍ബര്‍ട്ട് (58) എന്നിവരെയാണ് കണ്ടെത്താനുള്ളത്.

ഇടുക്കിയില്‍ ആനച്ചാലിന് സമീപം തട്ടാത്തി മുക്കില്‍ മണ്ണിടിഞ്ഞ് വീട്ടിലേക്കുവീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. മണ്ണിനടിയില്‍ പ്പെട്ടുപോയ ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

കൊങ്കണ്‍ പാതയില്‍ കര്‍ണാടകയിലെ ഭട്കലിനും മുരുടേശ്വറിനുമിടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് തീവണ്ടിഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടോടെ പാളം ഗതാഗതയോഗ്യമാക്കി.

Content Highlights: heavy rain northern kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented