പ്രതീകാത്മകചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നല്കി.
വടക്കന്‍ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസര്‍ഗോഡ്), കരവന്നൂര്‍ (തൃശൂര്‍), ഗായത്രി (തൃശൂര്‍), തെക്കന്‍ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാര്‍ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചില്‍ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പുണ്ട്.
സംസ്ഥാന വൈദ്യതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് കുറ്റ്യാടി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
കാസര്‍കോട്ടും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ അംഗണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസര്‍കോട് ജില്ലയ്ക്ക് ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കാസര്‍കോട് കളക്ടര്‍ അറിയിച്ചു.
കക്കയം ഡാം ഷട്ടറുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമും തുറന്നിട്ടുണ്ട്. ഡാമിലെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..