തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂണ്‍ 22ന് ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ജൂണ്‍ 24ന് കോട്ടയം,എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ജൂണ്‍ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ജൂണ്‍ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115.5 എം.എം. വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 26ന് ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് (ഓറഞ്ച് അലര്‍ട്ട് )സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 എം.എമ്മില്‍ അധികം മഴ ലഭിക്കുന്ന അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ മുന്നറിയിപ്പുകളില്‍ മാറ്റം വന്നേക്കാം.

ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി,കോട്ടയം,പത്തനംതിട്ട ,എറണാകുളം എന്നീ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റെവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാല്‍ ഉടനെ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കേണ്ടതുമാണെന്നും കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

content highlights: heavy rain likely to lash in kerala in coming days