കോഴിക്കോട്‌: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും മലയോര ജനത ഇപ്പോഴും ദുരിതത്തിലാണ്. വെള്ളം കയറിയ വീടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒന്നര മാസത്തിതിനിടെ ഇത് രണ്ടാം തവണയാണ് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്നത്.

പലരുടേയും വീട്ടുപകരണങ്ങള്‍, പാസ്‌പോര്‍ട്ട് അടക്കമുള്ള മറ്റു രേഖകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാം ഒലിച്ചുപോയിട്ടുണ്ട്. കിണറുകളും കക്കൂസുമെല്ലാം ഒന്നായി മാറിയതോടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. 

ഒന്നര മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറിയതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബങ്ങള്‍ക്കുണ്ടായിരിക്കുന്നത്‌. അതിനിടെ  മഴ തുടരുന്നത്‌ വീണ്ടും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കക്കയം ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ ഡാംസൈറ്റിലേക്കുള്ള റോഡുകളെല്ലാം പൂര്‍ണമായും ഒലിച്ചുപോയ അവസ്ഥയിലാണ്. വയനാട് ചുരവും ഏത് നിമിഷവും ഇടിഞ്ഞ് പോവാവുന്ന സ്ഥിതിയാണ്. ഏതാനും ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ജില്ലയെ ഏഴ് മേഖലകളാക്കി തിരിച്ച് ദുരന്ത നിവാരണം 
ദുരന്തനിവാരണത്തിന് ജില്ലയില്‍ ഏഴു മേഖലകളായി തിരിച്ച് ഡപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ടീം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. ജില്ലയില്‍ കേന്ദ്രസേനാംഗങ്ങളുടെ വിന്യാസം ഉള്‍പ്പടെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടീം മേല്‍നോട്ടം വഹിക്കുക.

ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ടീം രൂപീകരിച്ചത്. പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു, പഞ്ചായത്ത്  മുന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശഭരണ എന്‍ജിനീയര്‍, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് റോഡ്‌സ്, സിവില്‍ സപ്ലൈസ് , കൃഷി എന്നീ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓരോ ടീമിലും ഉള്‍പ്പെടുന്നു.

നാദാപുരം മുതല്‍ മലപ്പുറം ജില്ലയുടെ അതിര്‍ത്തി വരെ നിലവില്‍ കെടുതികള്‍ നേരിടുന്ന മലയോര മേഖലയുടെ ദുരന്തനിവാരണത്തിനായി ടീം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ എന്‍ ഡി ആര്‍ എഫിന്റെ രണ്ട് പ്ലാറ്റൂണ്‍ ഉള്‍പ്പടെ 78 അംഗങ്ങള്‍ ദുരന്തനിവാരണത്തിലേര്‍പ്പെടുന്നുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച് എന്‍ ഡിആര്‍എഫിന്റെ 48 അംഗങ്ങളേയും താമരശേരിയില്‍ 60 അംഗങ്ങളുള്‍പ്പെട്ട കരസേനയേയും മുക്കത്ത് 30 അംഗങ്ങള്‍ ഉള്‍പ്പെട്ട എന്‍ ഡിആര്‍ എഫ് ടീമിനേയും വിന്യസിച്ചു.

17 ദുരിതാശ്വാസ ക്യാമ്പ്, 582 ആളുകള്‍

ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 585 പേര്‍ ഉണ്ട്. താമരശേരിയില്‍ എട്ടും,  കൊയിലാണ്ടിയിലും വടകരയിലും രണ്ട് വീതവും കോഴിക്കോട് അഞ്ച്  ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാരികള്‍   പ്രകൃതിക്ഷോഭമുള്ള പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Content Highlights: Heavy rains lash in kozhikode hill area,  people in critical situation