കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 

നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തത്. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്.

നിര്‍ത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കരസേനയുടെ ഒരു യൂണിറ്റ് കൂട്ടിക്കലിലേക്ക് എത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍പം പ്രയാസപ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.

കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിരുന്നു.