കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ തുടരുന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. കോട്ടയം വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമണ്‍പാറയില്‍ വെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി.

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്. 

ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി.

rain
ഫോട്ടോ: മാതൃഭൂമി 

വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവില്‍ മുണ്ടക്കയം ക്രോസ്സ്വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളില്‍ നിന്നും വെള്ളം ഉയര്‍ന്നതിനാല്‍ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു തുടങ്ങി. 26-ാം മൈല്‍ ജംഗ്ഷനിലും മേരി ക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് സ്ലോട്ടിലും തോട്ടില്‍ നിന്നുമുള്ള ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കയറി. 

ഈമാസം 24 വരെ കനത്ത മഴ പ്രവചിച്ചിരുന്നതിനാല്‍ ഉരുള്‍പോട്ടല്‍ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. കൂട്ടിക്കല്‍, പൂഞ്ഞാറിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ എന്നിവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടിരുന്നില്ല. ഇനിയൊരു ദുരന്തത്തില്‍ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. 

പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയം. സീതത്തോട്, കോട്ടമണ്‍ പാറയിലും ആങ്ങമൂഴി, തേവര്‍മല വനമേഖലയിലും റാന്നി, കുറമ്പന്‍മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീവും ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമണ്‍ പാറയില്‍ വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറാണ് ഒഴുക്കില്‍പെട്ടത്. ഇയാളുടെ പുരയിടത്തിലെ കാലിത്തൊഴുത്തും റബര്‍പുരയും വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ആങ്ങമൂഴി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.

rain

ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ലേറേഞ്ചില്‍ പ്രത്യേകിച്ച് തൊടുപുഴയില്‍ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തില്‍ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനവില്ല. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് ഇടുക്കിയില്‍ തുറന്നുവെച്ചിരിക്കുന്നത്. 40 സെന്‌റീമീറ്റര്‍ ഉര്‍ത്തിയിരിക്കുന്നത്. 

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബര്‍ 23-24)  കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. 

ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍  കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: heavy rain in kottayam