തിശക്തമായ മഴയില്‍ കോട്ടയം ജില്ലയുടെ പലഭാഗങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഉരുള്‍പൊട്ടി. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നിവടങ്ങളില്‍ വലിയ തോതില്‍ വെള്ളംപൊങ്ങി. അതിരാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടുകയും ജനങ്ങളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പ്രളയസമാനമായി വെള്ളം ഉയര്‍ന്നു. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരെ കാണാതായെന്നാണ് വിവരം. കാണാതായ ആറുപേരില്‍ ഒരു കുടുംബത്തില്‍നിന്നുള്ളവരാണ്. മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. 

image
ഈരാറ്റുപേട്ട കോസ് വേ| ഫോട്ടോ: ജി. ശിവപ്രസാദ്‌\ മാതൃഭൂമി

കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ പെരുവന്താനത്തിന് സമീപം പുല്ലുപാറ, വളഞ്ഞങ്ങാനം, കൊടികുത്തി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. പുല്ലുപാറ ജങ്ഷനിലെ മണ്ണിടിച്ചില്‍ കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സും കാറുകളും അടക്കം വഴിയില്‍ കുടുങ്ങി. 

ബസ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. മണ്ണുംവെള്ളവും കുത്തിയൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പുഴയില്‍ വെള്ളം ഒഴുകുന്നതിന് സമാനമായാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. നിരവധി വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

ജലനിരപ്പ് ഉയര്‍ന്ന് പുഴകള്‍

പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകുകയാണ്. മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് അതിവേഗത്തില്‍ ഉയരുകയാണ്. മണിമലയാറ്റില്‍ മുണ്ടക്കയത്ത്  ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിലെത്തി. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുന്നുണ്ട്. പൂഞ്ഞാര്‍ തെക്കേക്കര  പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം  മന്നം ഭാഗത്ത് ആള്‍ത്താമസം ഇല്ലാത്ത വീട് ഉരുള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. പാതാമ്പുഴ കുഴുമ്പള്ളിയില്‍ ഉരുള്‍പൊട്ടി പന്നി ഫാം ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇളംകാട് പ്രദേശതത്തും ഉരുള്‍ പൊട്ടിയെന്നാണ് വിവരം. 

kottayam

വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് കളക്ടര്‍

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എ.എസ്. അറിയിച്ചു. 

മഴക്കെടുതി: കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: മീനച്ചില്‍-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

യാത്രകള്‍ക്ക് വിലക്ക്

മലയോര മേഖലകളില്‍ ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാവിലക്ക് ഏര്‍പ്പെടുത്തികൊണ്ടു കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

ഇത്തരത്തില്‍ ഇതാദ്യം

കോട്ടയം കാഞ്ഞിരപ്പള്ളി നഗരത്തില്‍ വന്‍ വെള്ളപ്പൊക്കമാണുണ്ടായത്. ടൗണിലെ കടകളില്‍ എല്ലാം വെള്ളംകയറി. ഉച്ചയോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ടൗണില്‍ ഗതാഗത തടസ്സം നേരിട്ടു. ഇത്തരത്തില്‍ വെള്ളപ്പൊക്കം ഇതാദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 26 മൈല്‍, ആനക്കല്ല്, കുരിശുങ്കല്‍ മണിമല റോഡ്, കാഞ്ഞിരപ്പള്ളി- എറികാട് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ചിറക്കടവ് മണിമല റോഡില്‍ ചിറക്കടവ് ക്ഷേത്രത്തിന് സമീപവും കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണം പ്ലാവ് പള്ളിക്ക് സമീപവും റോഡില്‍ വെള്ളം കയറി. 

വ്യോമസേനയുടെ സഹായം തേടി 

പോലീസിനും ഫയര്‍ഫോഴ്സിനും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. കോട്ടയം കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി കളക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയിട്ടുള്ളത്. 

content highlights: heavy rain in kottayam