Photo: Screengrab
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. വിവിധ ജില്ലകളിൽ മഴ കനക്കുകയാണ്. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡിൽ സംരക്ഷണ ഭിത്തി തകർന്നു. ഇടുക്കി ചിന്നക്കനാലിൽ രണ്ട് വീടുകൾ തകർന്നു. കോതമംഗലം മണികണ്ഠൻ ചാൽ മുങ്ങി. കുട്ടൻപുഴ മേഖലയിലെ പ്രധാനപാലമാണ് വെള്ളത്തിനടിയിലായത്. അറുപതിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മണികണ്ഠൻ ചാൽ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നത്. പുഴ കടക്കാൻ ആകെ ഉണ്ടായിരുന്ന കടത്തു തോണി അറ്റകുറ്റ പണിക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അറുപതിലേറെ കുടുംബങ്ങള്‍ പുറത്ത് നിന്നുള്ളവർക്കൊന്നും എത്തിച്ചേരാനാകാത്ത വിധത്തിൽ ഒറ്റപ്പെട്ടു. പ്രദേശത്തും മലയോരത്തും ശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന്റെ ഒഴുക്കും വർധിച്ച അവസ്ഥയിലാണ്.
ഇടുക്കിയിൽ ശക്തമായ മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ചിന്നക്കലാൽ സുബ്രഹ്മണ്യം കോളനിയിൽ രണ്ട് വീടുകളും മുരിക്കാശ്ശേരിയിൽ ഒരു വീടും തകർന്നു. മുരിക്കാശ്ശേരിയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. നിലവിൽ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ അടിയന്തരമായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ സജ്ജമാണ് എന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ കേന്ദ്രങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പ് നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..