തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ശക്തമാകുകയും കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി, ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 

ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ല. എന്നാല്‍ ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും.

ദുരന്ത നിവാരണ സേന എല്ലാ ജില്ലകളിലും യോഗം ചേര്‍ന്നു. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തും. മത്സ്യത്തൊഴിലാളികളോട് ഇന്നു വൈകുന്നരത്തോടെ തീരത്തെത്തണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല. അണക്കെട്ട് തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു. നാലു മണിക്ക് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 2387.78 അടിയായിരുന്നത് 2387.72 എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണിക്ക് കെ.എസ്.ഇ.ബി അധികൃതര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്നാണ് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുക.

വയനാട്ടിലെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ 10 സെ.മീ തുറന്നു. അടുത്ത ദിവസങ്ങളില്‍ മഴ പെയ്യും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഷട്ടര്‍ തുറക്കുന്നത് ജനങ്ങളെ ബാധിക്കാനിടയില്ലെങ്കിലും എല്ലാ മുന്നറിയിപ്പും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ കോഴിക്കോട് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ടു ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്.

തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് ശേഷം തുറക്കും, പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചു.ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചത്.