കോഴിക്കോട് കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷമായപ്പോൾ.ഫോട്ടോ:കെ.കെ സന്തോഷ്
കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമർദം വടക്കൻമലബാർ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കൻ ജില്ലകളിൽ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരേയുള്ള ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയിൽ നിരവധി വീടുകളും റോഡുകളും തകർന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര വില്ലേജിൽ 100 കുടുംങ്ങളിൽ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. കസബ വില്ലേജിലെ തോപ്പയിൽ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുംടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 21 അംഗ എൻ.ഡി.ആർ.എഫ് സംഘം ഇന്നലെ തന്നെ ജില്ലയിൽ എത്തിയിട്ടുണ്ട്.
മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും പലയിടങ്ങളിലും തകർന്നു.ബേപ്പൂർ ഗോതീശ്വരം റോഡ് കടലെടുത്തു. ചാലിയം കടലുണ്ടി കടവ് ,കപ്പലങ്ങാടി ഭാഗങ്ങളിൽ 40 വീടുകിൽ വെള്ളം കയറി. കുരിയാടി, ആവിക്കൽ, മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല എന്നീ സ്ഥലങ്ങളിലും ഇന്നലെ മുതൽ രൂക്ഷമായ കടലാക്രമണമാണ്.
കടലാക്രമണവും അറബിക്കടലിലെ ന്യൂനമർദവും കാരണം തോണികൾക്കും ബോട്ടുകൾക്കും വലിയ രീതിയിൽ കേടുപാടുകളുണ്ടായി. അഴിയൂരിൽ 13-ാം വാർഡിലെ ഹാർബറിന് സമീപത്ത് കടൽത്തീരത്ത് കരയിൽ വെച്ച തോണികളാണ് കടൽ ക്ഷോഭത്തിൽ തകർന്നത്. 10 തോണികൾക്ക് കേടുപാടുകൾ പറ്റി . മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് തോണികൾ കരയ്ക്ക് എത്തിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. എകദേശം അമ്പതോളം തോണി കളാണ് ഇവിടെ കരയ്ക്കുണ്ടായിരുന്നത്.
കാസർകോട് ജില്ലയിലും കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നുണ്ട്. വലിയ തോതിൽ നാശനഷ്ടങ്ങളില്ല. ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ പഞ്ചായത്തിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. ചിത്താരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നീലേശ്വരം വില്ലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകർന്നു.
കണ്ണൂർ ജില്ലയിലെ പയ്യന്നുർ താലൂക്കിലെ കോറോം വില്ലേജ് വടക്കെ പുരയിൽ കാർത്ത്യായനി എന്നവരുടെ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. തലശേരി താലൂക്കിൽ ഇന്നലെ മാത്രം പ്രകൃതി ക്ഷോഭത്തിൽ അഞ്ച് വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിമംഗലം പുതിയ പുഴക്കര യശോദയുടെ വീടിന് മുകളിൽ തെങ്ങു വീണു. ആളപായമില്ല..
തലശേരി താലൂക്കിൽ കടലോര വില്ലേജായ ന്യൂ മാഹിയിൽ ആറ് കുടുബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി പാർപ്പിച്ചു. കടൽ ക്ഷോഭം രൂക്ഷമായസാഹചര്യത്തിൽ മാടായി വില്ലേജിലെ ചൂട്ടട് പ്രദേശത്തു താമസിക്കുന്ന മജീദ് എന്നയാളെയും എട്ടുപേരുൾപ്പെടുന്ന കുടുംബത്തേയും ബന്ധു വീട്ടിലേക്കു രണ്ട് ആംബുലൻസുകളിലായി ഒമ്പതരയോടെ മാറ്റി. ഇവരിൽ മജീദ് ഭാര്യ ഉമ്മ എന്നിവർ കോവിഡ് ബാധിതരാണ്. കടമ്പൂർ വില്ലേജിൽ എടക്കാട് റെയിൽവെ ഗെയിറ്റിന് പിറകിലുള്ള രണ്ട് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് രണ്ട് കുടുംബങ്ങളെയും എടക്കാട് പെർഫെക്ട് സ്ക്കൂളിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..