ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. നാല് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം 10 കോടിയോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് റിപ്പോർട്ട്.
കാസർകോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി ഷാൻ ആരോൺ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോടുണ്ടായ മഴക്കെടുതിയിൽ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരിൽ വിദ്യാർഥിയായ മുഹമ്മദ് മിർഷാദ് (13) എന്നിവരാണ് മരിച്ചത്. ചെറുവണ്ണൂരിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിർഷാദ് അപകടത്തിൽപെട്ടത്. എടച്ചേരി ആലിശേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷ് മരിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടിൽ ഒരു മരണം ഉണ്ടായിരിക്കുന്നത്.
മലപ്പുറത്ത് ശക്തമായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങി. വളരാട് തൊണ്ണൻകടവ് പാലമാണ് ഒലിപ്പുഴയിൽ ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ മുങ്ങിയത്. പാണ്ടിക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയിൽ ഇന്ന് ശക്തമായ മഴയായിരുന്നു. മലപ്പുറം ജില്ലയിൽ കൂടി ഒഴുകുന്ന പുഴകളിൽ എല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളിൽ പല വീടുകൾക്ക് മേലെ മരം മറിഞ്ഞു വീണ് നാശനഷ്ടമുണ്ടായി.
തൃശ്ശൂരിൽ മിന്നൽ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നൽ ചുഴലി വീശിയത്. പുത്തൻ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ ബദ്റു, ഹസൈനാർ, അബൂബക്കർ, ഹംസക്കുട്ടി, അബ്ബാസ് എന്നിവരുടെ വീടുകൾക്ക് ശക്തമായ കാറ്റിൽ നാശഷ്ടങ്ങളുണ്ടായി. ദേശീയ പാതയോട് ചേർന്നാണ് കൂടുതൽ മഴക്കെടുതികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തിൽ മിന്നൽ ചുഴലി തൃശ്ശൂരിൽ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂർ മേഖലയിൽ കടലേറ്റം രൂക്ഷമാണ്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പർ, ഗുഡ്സ് തുടങ്ങിയ ചരക്കു വാഹനങ്ങൾ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തിൽ കൂടി യാത്ര ചെയ്യാൻ പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഒരു കൺട്രോൾ റൂം കൂടി കോഴിക്കോട് ആരംഭിച്ചു. വയനാട് ചുരം, കുറ്റ്യാടി ചുരത്തിൽ കൂടിയുമുള്ള യാത്ര കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..