ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലയ്ക്കാതെ പെയ്യുന്ന ദുരിതപ്പെയ്ത്തില്‍ ഇതുവരെ നഷ്ടമായത് 21 മനുഷ്യ ജീവനുകള്‍. വരും ദിവസങ്ങളിലും അതീതീവ്ര മഴ പ്രവചിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലിരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജന് അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്ക് പ്രളയ സമാനമായ മുന്നറയിപ്പാണ് നല്‍കിയിരിക്കുന്നത്. തീരത്തുള്ളവര്‍ അതിജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഇന്ന് രാത്രി പെയ്യുന്ന മഴ ഏറെ നിര്‍ണായകമാണ്. 39000 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. 7.1 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുഴയിലുള്ളത്. ഇത് മുന്നറിയിപ്പ് നിലയാണ്. 8.1 മീറ്റര്‍ ആയാല്‍ അപകട നിലയാണ് എന്നത് കൊണ്ട് തന്നെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അതീവ ജാഗ്രതയിലാണ്. തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പുഴകളുടെ നിലവിലെ വെള്ളത്തിന്റെ അവസ്ഥ ഇങ്ങനെയാണ്. ഭാരതപ്പുഴ:നിലവില്‍ - 23.27 മീറ്റര്‍, മുന്നറിയിപ്പ് നില - 23.5 മീറ്റര്അപകട നില- 23.94 മീറ്റര്‍. കുറുമാലിപ്പുഴ: നിലവില്‍ - 5.67 മീറ്റര്‍, മുന്നറിയിപ്പ് നില - 4.7 മീറ്റര്‍, അപകട നില - 5.6 മീറ്റര്‍
മണലിപ്പുഴ:നിലവില്‍ - 5.49 മീറ്റര്‍, മുന്നറിയിപ്പ് നില - 5 മീറ്റര്‍, അപകട നില - 6.1 മീറ്റര്‍
ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്,പറമ്പിക്കുളം എന്നീ ഡാമുകളിലെ വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ തന്നെ ഷോളയാറിലെ അധിക ജലം അര്‍ധ രാത്രിയോട് കൂടി പുഴയിലേക്ക് എത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ റവന്യൂമന്ത്രിയടക്കമുള്ളവര് സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ നിരീക്ഷിച്ച് വരുന്നത്.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ ടീമുകളെ ആവശ്യപ്പെട്ടിട്ടുമുണ്ട്.9 ജില്ലകളിലെ സ്കൂളുകള്‍ക്ക് പൂര്‍ണമായും രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഭാഗികമായു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..