Image: Mathrubhumi news screengrab
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുന്‍ദിവസങ്ങളേക്കാള്‍ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളില്‍ ചിലത് അപകടത്തില്‍പ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റല്‍മഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ട്.
135.20 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും മഴ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചേക്കും. പെരിയാര്‍ കടുവാ സങ്കേതത്തില്‍ പെയ്യുന്ന മഴ ഏകദേശം ഒരുദിവസത്തിനു ശേഷമാണ് മുല്ലപ്പെരിയാറിലക്ക് ഒഴുകിയെത്തുക. അങ്ങനെയെങ്കില്‍ വരും മണിക്കൂറില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നേക്കും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ ബ്ലൂ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2376.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
ചാക്കോച്ചി വളവില്‍ പാതയോരം അപകടാവസ്ഥയില്‍
നേര്യമംഗലം-കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞിരിക്കുന്നു. നിലവില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ആണ്. ഇതുവഴി പോകുന്ന വാഹനങ്ങളാല്‍ ശ്രദ്ധിക്കണമെന്ന് ഇടുക്കി കളക്ടര്‍ മുന്നറിയിപ്പ് നല്കി.
കോട്ടയം
പാലാ മുതല്‍ കോട്ടയം കുമരകം വരെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. അഴുതയാര്‍ കരകവിഞ്ഞതോടെ കോരുത്തോട് മൂഴിക്കലില്‍ കോസ് വേ വെള്ളത്തിനടിയിലായി. കോട്ടയം- ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ് വേയാണ് വെള്ളത്തിനടിയിലായത്. വനത്തില്‍ ഉരുള്‍പൊട്ടിയതാകാം അഴുതയാറില്‍ ജലനിരപ്പുയരാന്‍ കാരണമെന്നാണ് സൂചന. കോട്ടയം ചേരിപ്പാട് ഭാഗത്തു മീനച്ചിലാറിന്റെ ജലനിരപ്പ് അപകട നിരപ്പ് കടന്നു. ഇളപ്പുങ്കല്‍ - ചേരിപ്പാട് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..