കൊച്ചി: സംസ്ഥാനത്ത്  ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം  പത്ത് ആയി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായാണ് പത്ത് പേര്‍ ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു. 

കോട്ടയത്ത് മാത്രം മൂന്ന് പേരാണ് മരിച്ചത്.കോട്ടയം ചെറുവള്ളി സ്വദേശി ശിവന്‍ (50), ഭരണങ്ങാനം സ്വദേശി തോമസ് എന്നിവര്‍ക്ക് പുറമേ ഒരു ഇതരസംസ്ഥാന തൊഴിലാളി കൂടി മഴക്കെടുതിയില്‍ മരിച്ചു. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ വെള്ളക്കെട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.കൊല്ലത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. മരം വീണ് ചവറ സ്വദേശി ബെനഡിക്ട് മരിച്ചു. തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു.പത്തനംതിട്ടയില്‍ വരട്ടാറില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു.

LIVE UPDATES

 

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്. പാലാ ഈരാറ്റുപേട്ട വാഗമണ്‍ റോഡിലും പാലാ ഉഴവൂര്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.

കണ്ണൂര്‍ കരിയാട് പാര്‍ത്തുലയത്ത് നാണി, എറണാകുളം മണികണ്ഠന്‍ചാല്‍ സ്വദേി ടോമി (55), മലപ്പുറം കിഴിഞ്ഞാലില്‍ അബ്ദുല്‍ റഹീമിന്റ മകന്‍ അദ്‌നാന്‍ എന്നിവരാണ് ഇന്ന് മരിച്ച മറ്റുള്ളവര്‍. ഇവര്‍ക്കുപുറമെ വയനാട്ടില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം ഇന്ന് കണ്ടെത്തി.

കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായി. ട്രാക്കില്‍ വെള്ളം കയറി ട്രയിന്‍ ഗതാഗതം താറുമാറായി. പല ആദിവാസ ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. തീരമേഖലയില്‍ കടലാക്രമണവും ശക്തമായിട്ടുണ്ട്. 

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്‌. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്‌.

ksrtc stand
വെള്ളം കയറിയ എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്‌. ഫോട്ടോ സിദ്ദിഖുള്‍ അക്ബര്‍

നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.

kammattipadam water
എറണാകുളം കമ്മട്ടിപ്പാടത്ത് വീടുകളില്‍ വെള്ളം കയറിയപ്പോള്‍: ഫോട്ടോ സിദ്ദിഖുള്‍ അക്ബര്‍

കോട്ടയം-ചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.

ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രണ്ടരമണിക്കൂറും, നാഗര്‍കോവില്‍-മംഗലാപുരം എക്സ്ര്പ്രസ് മൂന്നുമണിക്കൂറും, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒരുമണിക്കൂറും വൈകിയാണ് ഓടുന്നത്. മുംബൈ-കന്യാകുമാരി ജയന്തി ജനത രണ്ടര മണിക്കൂറും, കൊല്ലം-ഇടമണ്‍ ട്രെയിന്‍ രണ്ട് മണിക്കൂറും, യശ്വന്ത്പൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് രണ്ട് മണിക്കൂറും വൈകിയാണ് ഓടുന്നത്.